Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും സച്ചിൻ പറഞ്ഞു.
"കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് സാഹചര്യം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് ജനം ആഗ്രഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനങ്ങൽ തൃപ്തരാണ്.'-സച്ചിൻ അവകാശപ്പെട്ടു.
നിലവിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അവരെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് തകർന്നടിയുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സച്ചിൻ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണമായി സജ്ജമായെന്നും സച്ചിൻ പറഞ്ഞു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സിവിൽ സര്‍വീസിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ദേശീയ രാഷ്ട്രീയം മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലൂടെയും പലതും ചെയ്യാനുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. നേരത്തെ, കണ്ണൻ ഗോപിനാഥൻ പാലക്കാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നിലവിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ എംഎൽഎ. പാലക്കാട് രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്. പിന്നീട് കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ വർഷം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈമാസം അവസാനം പ്രഖ്യാപിക്കും. സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയുമാണ് ആദ്യം പ്രഖ്യാപിക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. നിലവിൽ 21 സിറ്റിംഗ് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ കെ.ബാബു മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.
അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയിലില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം കൂടി പരിഗണിക്കും. തൃപ്പൂണിത്തുറയിൽ ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്.
ബാബുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാർഥി പ്രഖ്യാപനം. തിങ്കളാഴ്ച വിശാല കെപിസിസി യോഗം ചേരും. ഈ യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ദാരണയുണ്ടാകും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
Kerala
കാസര്‍ഗോഡ്: രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയ്ക്കു തുടക്കംകുറിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ്- 3, യുഡിഎഫ്- 2 എന്നതാണ് കുറെ കാലങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്കോര്‍ നില. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തത്സ്ഥിതി തുടരുന്നതുതന്നെ നേട്ടമാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും വിജയഗാഥ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് യാതൊരു സന്ദേഹവുമില്ല. മറുവശത്ത് 1987നു ശേഷം ജില്ലയില്‍നിന്ന് ഒരു എംഎല്‍എയെപ്പോലും നിയമസഭയിലെത്തിക്കാന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് കോണ്‍ഗ്രസ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങുമ്പോള്‍ ലീഡ് നേടി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാനായി ബിജെപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. മൂന്നു മുന്നണികളും അടവുകളും ചുവടുകളും മിനുക്കി കളത്തിലിറങ്ങുമ്പോള്‍ തുളുനാടന്‍ കളരിയില്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
പാര്‍ട്ടി കോട്ടകളുടെ കരുത്തില്‍ എല്‍ഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റെങ്കിലും സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പുര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളില്‍ കഴിഞ്ഞതവണത്തേതുപോലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടകളിലെ ഉയര്‍ന്ന പോളിംഗാണ് അവര്‍ക്കു തുണയാകുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനവും അവര്‍ക്കുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിഗ്രാമങ്ങളിലെ വോട്ട് വലിയതോതില്‍ ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയോടുള്ള എതിര്‍പ്പുകൊണ്ടല്ല, മറിച്ച് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണു സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കൂടാതെ, തദ്ദേശതെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെടാന്‍ കാരണം പ്രാദേശികമായ കാരണങ്ങളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് അവരുടെ അവകാശവാദം.
വന്‍പ്രതീക്ഷയോടെ യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവും യുഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ലീഡ് നേടാന്‍ സാധിച്ചിരുന്നു. ഇതില്‍ത്തന്നെ ഉദുമ ഏറെ നാളുകളായി യുഡിഎഫിനെ മോഹിപ്പിക്കുന്നുണ്ട്. 2013ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി. സിദ്ദിഖ് ഉദുമ മണ്ഡലത്തില്‍ ചെറിയ വോട്ടിന്റെ ലീഡ് നേടിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ എത്തിയപ്പോള്‍ സീന്‍ മാറി. ലീഡ് 2019ല്‍ 8,937ഉം 2024ല്‍ 11,959ഉം ആയി കുതിച്ചുകയറി. കഠിനാധ്വാനം നടത്തിയാല്‍ ചെങ്കോട്ടകള്‍ എന്നറിയപ്പെടുന്ന കാഞ്ഞങ്ങാടും തൃക്കരിപ്പുരും വിജയം അസാധ്യമല്ലെന്ന് ഉണ്ണിത്താന്റെ പ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തിനു കാട്ടിക്കൊടുത്തു.
എന്നാല്‍, മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോണ്‍ഗ്രസിന് സന്തോഷം പകരുന്നതല്ല എന്നതും യാഥാര്‍ഥ്യമാണ്. 2016ല്‍ സാക്ഷാല്‍ കെ. സുധാകരന് രംഗത്തിറങ്ങിയിട്ടും തോല്‍വിയായിരുന്നു ഫലം.
2021ലെ തെരഞ്ഞെടുപ്പില്‍ ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍വിയടഞ്ഞു. അതേസമയം, മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളായ കാസര്‍ഗോഡും മഞ്ചേശ്വരവും ഇത്തവണയും സുരക്ഷിതമാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
അക്കൗണ്ട് തുറക്കാന്‍ ബിജെപി
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും അവര്‍ വിജയം സ്വപ്നംകാണുന്നു. 2016ല്‍ 89 വോട്ടിനു പരാജയമേറ്റുവാങ്ങേണ്ടിവന്നതിന്റെ വേദന ഇതുവരെയും മാറിയിട്ടില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫിനു കടുത്ത എതിരാളിയാകാനും മറ്റു മണ്ഡലങ്ങളില്‍ ഇരു മുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താനുമാണ് അവരുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. കന്നഡ ഭാഷാന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിലും ക്ഷാമമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണപരിപാടികള്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും അവര്‍ക്ക് തലവേദനയാകുന്നുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ?
മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫിനെ നേരിടും. സുരേന്ദ്രന് നാലാം തവണയാണു മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിഡ്രൈവര്‍ അര്‍ജുന്റെ തെരച്ചിലിനും കുമ്പളയിലെ അനധികൃത ടോള്‍വിരുദ്ധ സമരത്തിനും മുന്നിൽനിന്ന് നേതൃത്വം നല്കിയ അഷ്റഫ്, സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മുൻവർഷത്തേക്കാൾ കരുത്തനായ എതിരാളിയായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാസര്‍ഗോട്ട് എന്‍.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കെ.എം. ഷാജിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച സീറ്റുകളില്‍ ഒന്നായ കാസര്‍ഗോട്ട് പുറത്തുനിന്നൊരാള്‍ മത്സരിക്കുന്നതില്‍ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രധാന എതിരാളികളായ ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി തന്നെ കളത്തിലിറങ്ങിയേക്കും. എല്‍ഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നാണു സൂചന.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ഒരിക്കല്‍ക്കൂടി ജനവിധി തേടും. യുഡിഎഫില്‍ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ പേരിനാണു മുന്‍തൂക്കം. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നു ടേം പൂര്‍ത്തിയാക്കിയ ഇ. ചന്ദ്രശേഖരന് മത്സരരംഗത്തു നിന്നൊഴിയുമ്പോള്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാജു കട്ടക്കയം ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തൃക്കരിപ്പുരില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എം. രാജഗോപാലന്‍ കളമൊഴിയുമ്പോള്‍ വി.പി.പി. മുസ്തഫയ്ക്കാണു സാധ്യത തെളിയുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്‍ഗ്രസ് ആണോ കേരള കോണ്‍ഗ്രസ് ആണോ മത്സരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടാല്‍ എം.പി. ജോസഫ് രണ്ടാംതവണയും ജനവിധി തേടാനാണു സാധ്യത. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന് ജോസിനായിരിക്കും നറുക്ക് വീഴുക.
സ്വര്‍ണപ്പാളി മുതല്‍ എസ്ഐആര്‍ വരെ
ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ആഗോള അയ്യപ്പസംഗമം നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളുമെല്ലാം വിശ്വാസികളായ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. സര്‍ക്കാരിന്റെ ധൂര്‍ത്തും വിലക്കയറ്റവും മെഡിക്കല്‍ കോളജ് യാഥാര്ഥ്യമാകാത്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവുമെല്ലാം യുഡിഎഫിന്റെ തുറുപ്പുചീട്ടുകളാണ്. വെള്ളാപ്പള്ളി നടേശന് തുടര്‍ച്ചയായി നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവനകള്‍ കേട്ടില്ലെന്ന് നടിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് മുസ്ലിം വോട്ടര്‍മാരെ എല്‍ഡിഎഫില്‍നിന്നു വലിയതോതിൽ അകറ്റിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരുന്നു.
എന്നാൽ ക്ഷേമപെന്ഷന് വര്‍ധനയും ദേശീയപാത വികസനവും തങ്ങള്‍ക്ക് അനുകൂലമായി ജനവിധിയുണ്ടാകാന് സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീടുകയറിയുള്ള പ്രചാരണവും തകൃതിയായി നടന്നിരുന്നു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നാണ് ബിജെപിയുടെ അവകാശവാദം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചവരും ഇരട്ടവോട്ടുകളുമായി 56,911 വോട്ടുകളാണ് (5.8 ശതമാനം) ജില്ലയില്‍ എസ്ഐആര്‍ പരിശോധനയില്‍ തള്ളപ്പെട്ടത്. ഈ വോട്ടുകളുടെ കുറവ് പാര്‍ട്ടിഗ്രാമങ്ങളിലെ പോളിംഗില്‍ പ്രതിഫലിക്കുമെന്നാണു സൂചന.
National
ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര്‍ ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്‍ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന്‍ കാര്‍ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും.
Kerala
കൊച്ചി: കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു മന്ത്രി റോഷി അഗസ്റ്റിന്. പെട്ടെന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല. കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്മാന് പറഞ്ഞത്, അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി അഗസ്റ്റിന് മാധ്യമങ്ങളോടു പറഞ്ഞു.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്മാന് എന്ന നിലയില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ നാഥനില്ലാത്ത കളരിയാണോ, ഞങ്ങളുടെ ചെയര്മാന് മത്സരിക്കും. പാര്‍ട്ടിക്കു വേണ്ടത് ലീഡര്‍ഷിപ്പ് ആണ്. ലീഡര്‍ഷിപ്പിന് ശേഷിയുണ്ടെന്നു കണ്ടാല്‍ അല്ലേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളു. പിന്നെ ഞങ്ങള്‍ മാറി നില്‍ക്കുമോ.
പാലാ നഷ്ടപ്പെടണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്മാന് പറഞ്ഞത്. വളരെ ആലോചിച്ചാണ് ഞാന്‍ പറഞ്ഞത്. രാജ്യസഭംഗത്തിനു നിയമസഭയില്‍ മത്സരിക്കരുത് എന്ന നിയമമൊന്നുമില്ലല്ലോ എന്ന് റോഷി അഗസ്റ്റിന് പറഞ്ഞു.
എന്നാല്‍, താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും എന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.
കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു എല്‍ഡിഎഫിന്റെ മധ്യമേഖല ജാഥയ്ക്കിടെ റോഷി അഗസ്റ്റിന് ജോസ് കെ. മാണി മത്സരിക്കുമെന്നു മൈക്ക് പിടിച്ചുവാങ്ങി പറഞ്ഞത്. എന്നാല്‍, അതു റോഷി അഗസ്റ്റിന്റേത് ചോരത്തിളപ്പും സ്നേഹക്കൂടുതലുംകൊണ്ടാണെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോടു ജോസ് കെ. മാണിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ടേം വ്യവസ്ഥ വേണ്ടെന്നു വയ്ക്കാൻ സിപിഎം. രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഈ തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്നു കണ്ടുകൊണ്ടാണു സിപിഎം നിലപാടു മാറ്റുന്നത്.
നിലവിൽ എംഎൽഎമാരായിട്ടുള്ളവരുടെ പ്രകടനം പാർട്ടി വിലയിരുത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം ജനപ്രതിനിധികളും മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമാണെന്ന റിപ്പോർട്ടാണു സിപിഎം ജില്ലാ കമ്മിറ്റികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. മൂന്നാമതും ഇടതുസർക്കാർ അധികാരത്തിലെത്തണമെങ്കിൽ പരീക്ഷണങ്ങൾക്കു മുതിരാതെ ജനപ്രിയരായുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്ന ധാരണയിൽ തന്നെയാണു സിപിഎം.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കും. ധർമ്മടത്തു നിന്നു തന്നെ പിണറായി മത്സരിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. തിരുവനന്തപുരത്തു ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയില്ല.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ധാരണയെടുക്കാമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ കെ.കെ.ശൈലജ, ഡോ: തോമസ് ഐസക്, സി.എസ്.സുജാത, പി.സതീദേവി എന്നിവർ മത്സരരംഗത്തുണ്ടാകും. തോമസ് ഐസക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും താത്പര്യം. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി പങ്കുവച്ചതായാണു വിവരം.
നിലവിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവർ രണ്ടുപേരും വീണ്ടും മത്സരിക്കും. പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിക്കണമെന്ന് താത്പര്യമുള്ളവർ സിപിഎം നേതൃത്വത്തിലുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയനൊപ്പം ഒരു പോളിറ്റ്ബ്യൂറോ അംഗം കൂടി മത്സരിക്കണമെന്നു തീരുമാനിച്ചാൽ എ.വിജയരാഘവൻ മത്സരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു സിപിഎം നേതൃത്വം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ എംഎൽഎമാർ ജനങ്ങളെ സമീപിച്ചാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ടേം എന്നതു നിർബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐയിലും ടേം വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന വിവരമാണു ലഭിക്കുന്നത്. ജയസാധ്യത മുൻ നിർത്തി മൂന്നു ടേം കഴിഞ്ഞവരെ വീണ്ടും സ്ഥാനാർഥികളായി സിപിഐ പരിഗണിക്കും. ഇക്കാര്യത്തിൽ സിപിഐ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്.
അങ്ങനെവന്നാൽ നിലവിലെ പ്രമുഖരായിട്ടുള്ള എംഎൽഎമാരായ നേതാക്കൾക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിനെപ്പോലെ തന്നെ സിപിഐയും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം അകലമുള്ളപ്പോൾ രാഷ്ട്രീയ കേരളം തലസ്ഥാന ജില്ലയിലേക്ക് ഉറ്റുനോക്കുകയാണ്. അഞ്ചുവർഷം മുന്‍പു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ പതിനാലു നിയോജകമണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാം ഇടതുമുന്നണി കൈപ്പിടിയിലൊതുക്കിയെങ്കിൽ ഇപ്പോൾ ചിത്രം ആകെ മാറി. പ്രവചനാതീതമാണിപ്പോൾ തിരുവനന്തപുരം ജില്ല. കേരളത്തിൽ കടുത്ത ത്രികോണമത്സരത്തിലേക്കു നീങ്ങാനിടയുള്ള മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ഇവിടെയാണെന്നുള്ളതാണു മത്സരം കടുപ്പിക്കുന്നത്.
കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയാണു തിരുവനന്തപുരം. തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ അവരുടെ പ്രതീക്ഷകൾ വാനോളമുയരത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു സീറ്റുകളും നിലനിർത്തിയെങ്കിലും യുഡിഎഫിനു നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് അഭിമാനകരമായ മുന്നേറ്റം നടത്തിയെന്നു പറയാൻ സാധിക്കില്ല. എൽഡിഎഫിനു പ്രതീക്ഷ നൽകുന്നത് ഈ കണക്കുകളാണ്.
►തിരുവനന്തപുരം പിടിച്ചാൽ കേരളം പിടിക്കാം
തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നൊരു സംസാരമുണ്ട്. ഭരണസിരാകേന്ദ്രമെന്ന നിലയിൽ ഭരണത്തെ അടുത്തുനിന്നു കാണാനും വിലയിരുത്താനും അവസരംകിട്ടുന്നതു കൊണ്ടാകാം ജനവികാരം ഈ തരത്തിൽ പ്രതിഫലിക്കുന്നത്. ഏതായാലും ചരിത്രം പരിശോധിച്ചാൽ സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടുന്ന മുന്നണി ജില്ലയിൽ ഭൂരിപക്ഷം നേടുന്നതായി കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ എൽഡിഎഫിന് ഇവിടെ 13 സീറ്റ് കിട്ടി. യുഡിഎഫ് ഒന്നിലൊതുങ്ങി. 2016ലും ഒന്‍പതു സീറ്റോടെ എൽഡിഎഫ് മുന്നിലെത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിലെത്തിയ 2011 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എട്ടു സീറ്റിലും എൽഡിഎഫ് ആറു സീറ്റിലും വിജയിച്ചു. 2006ൽ എൽഡിഎഫ് ഭരണത്തിൽ വന്നു. അന്ന് എൽഡിഎഫിനു ജില്ലയിൽ ഒന്‍പതു സീറ്റ് ലഭിച്ചു. യുഡിഎഫ് വന്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2001ൽ യുഡിഎഫിനു ജില്ലയിൽ ഒന്‍പതു സീറ്റ് ലഭിച്ചു. ഇതിനു മുന്‍പും സ്ഥിതി ഇതു തന്നെ. അതുകൊണ്ട് ജില്ലയിൽ ഭൂരിപക്ഷം നേടി ഭരണത്തിലെത്തുക എന്നതാണ് മുന്നണികളുടെ സ്വപ്നം.
►ബിജെപിയുടെ മുന്നേറ്റം
തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വാനോളമുയർത്തി. നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതും തിരുവനന്തപുരത്തെ നേമത്ത് ആണ്. 2016ൽ ഒ. രാജഗോപാലിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടിയിലൂടെ ഇടതുമുന്നണി പൂട്ടിച്ചു. ഇത്തവണ കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പോരാട്ടമാകും നേമത്തു നടക്കുക.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളിൽ ബിജെപി മുന്നിലെത്തി. എട്ടു മണ്ഡലങ്ങളിൽ യുഡിഎഫ് ആണു മുന്നിലെത്തിയത്. എൽഡിഎഫിന് ഒന്നാമതെത്താൻ സാധിച്ചതു വർക്കലയിൽ മാത്രമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ പാറ്റേണ്‍ ആവർത്തിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.
►എൽഡിഎഫിനു പ്രതീക്ഷയേറെ
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുക എൽഡിഎഫിന് എളുപ്പമാകില്ല. മറ്റു പല ജില്ലകളുമായി താരതമ്യപ്പെടുത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് അവർക്ക് അത്ര നിരാശയല്ല സമ്മാനിച്ചത്. കോർപറേഷൻ ഭരണം നഷ്ടമായെങ്കിലും നാലു മുനിസിപ്പാലിറ്റികളും നിലനിർത്താൻ സാധിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുൻതൂക്കം നിലനിർത്താനായില്ലെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളിൽ വിജയിക്കാൻ സാധിച്ചു. രണ്ടു തവണ തുടർച്ചയായി വിജയിച്ചവർ മാറി നിൽക്കണമെന്ന നിർബന്ധങ്ങളൊന്നും ഇക്കുറി സിപിഎമ്മിനുണ്ടാകില്ലെന്നാണ് അറിയുന്നത്.
►നഷ്ടപ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കു നോക്കിയാൽ തിരുവനന്തപുരത്തു യുഡിഎഫിനു ശക്തിക്ഷയമുണ്ടായിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്. മുൻകാലങ്ങളിൽ യുഡിഎഫിന്റെ കുത്തക സീറ്റുകളായ പലയിടത്തും മികച്ച സ്ഥാനാർഥികളെ പോലും രംഗത്തിറക്കാൻ അവർക്കു കഴിയുന്നില്ല. ബിജെപി മുന്നേറ്റത്തിൽ ഇതുവരെ കാര്യമായ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനാണ്. അടുത്ത കാലത്തായി എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലും ബിജെപി ശക്തിപ്പെടുന്നുണ്ട്.
ഇത്തവണ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്ന യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ല. കോവളത്തെ സിറ്റിംഗ് എംഎൽഎ ആയ എം. വിൻസന്റിന്റെ കാര്യത്തിൽ മാത്രമാണ് ഉറപ്പുള്ളത്. മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കി പോയകാല പ്രതാപത്തിലേക്കു മടങ്ങിവരാം എന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
►സ്ഥാനാർഥിമോഹങ്ങൾ
സ്ഥാനാർഥികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഏറെക്കുറെ ധാരണ ആയത് എൽഡിഎഫിലാണ്. പതിമൂന്നു സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗവും ഇത്തവണയും മത്സരിക്കും. അവരോടു മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയിൻകീഴിൽ തുടർച്ചയായി മൂന്നു തവണ വിജയിച്ച വി. ശശി ഒരുപക്ഷേ മാറിയേക്കാം. ശശിതന്നെ മത്സരിക്കണമെന്ന ചിന്തയും സിപിഐയിലുണ്ട്. ആറ്റിങ്ങലിൽ നിലവിലെ എംഎൽഎ ആയ ഒ.എസ്. അംബികയ്ക്കു പുറമേ മുന്‍പ് എംഎൽഎ ആയിരുന്ന ബി. സത്യനെയും പരിഗണിക്കുന്നുണ്ട്. പ്രതികൂല കോടതി വിധി തിരുവനന്തപുരത്ത് ആന്റണി രാജുവിന്റെ സ്ഥാനാർഥിത്വം സംശയത്തിലാക്കുന്നു.
ബിജെപിയിൽ നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും ഉറപ്പായി. വട്ടിയൂർക്കാവിൽ കെ. സുരേന്ദ്രന്റെയും നടൻ ജി. കൃഷ്ണകുമാറിന്റെയും പേരുകൾ പരിഗണിക്കുന്നുണ്ട്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരു പറഞ്ഞുകേട്ടിരുന്നെങ്കിലും താൻ മത്സരിക്കാനില്ലെന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയ കാട്ടാക്കടയിൽ ഇത്തവണയും പി.കെ. കൃഷ്ണദാസ് തന്നെയാകും മത്സരിക്കുക.
യുഡിഎഫിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരിനാണു മുൻതൂക്കം. തിരുവനന്തപുരം സിഎംപിക്കു നൽകുകയും സി.പി. ജോണ്‍ മത്സരിക്കുകയും ചെയ്യുമെന്നാണു കരുതുന്നത്. മുൻമന്ത്രി വി.എസ്. ശിവകുമാറും തിരുവനന്തപുരത്തു മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്. കോവളത്ത് എം. വിൻസന്റ് തന്നെയാകും സ്ഥാനാർഥി. പാറശാലയിൽ എൻ. ശക്തന്റെ പേരിനു മുൻതൂക്കമുണ്ട്. വാമനപുരത്ത് പാലോട് രവി, കഴിഞ്ഞ തവണ മത്സരിച്ച ആനാട് ജയൻ, രമണി പി. നായർ എന്നിവരൊക്കെ പരിഗണനയിലുണ്ട്.
►പ്രചാരണം കൊഴുക്കും
ശബരിമല സ്വർണപ്പാളി മോഷണം തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ പ്രചാരണ വിഷയമായിരുന്നു. ഇത്തവണയും അതു പ്രചാരണരംഗത്ത് ഉയർന്നു വരും. സർക്കാർ ജീവനക്കാരുടെ ജില്ലയായ തിരുവനന്തപുരത്ത് ശന്പള പരിഷ്കരണവും ഡിഎ കുടിശികയുമെല്ലാം ചർച്ചയാണ്. ബിജെപി ബന്ധം ആരോപിച്ചുള്ള പരസ്പര ആരോപണങ്ങളും കോണ്‍ഗ്രസിനെതിരേയുള്ള എസ്ഡിപിഐ ബന്ധവും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കും. കാർഷിക പ്രദേശങ്ങളായ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്നുവരും.
പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചാരണം. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണത്തിനു മറുപടി കണ്ടെത്താൻ അവർ പ്രയാസപ്പെടും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം തിരുവനന്തപുരം മേയറും കൗണ്‍സിലർമാരുമെല്ലാം ഡൽഹി യാത്രയിലാണ്. അവരും പാർട്ടിയും ഇത്തവണ ഒരുപാടു പ്രതീക്ഷയിലാണ്.
2021 നിയമസഭാ കക്ഷിനില
എൽഡിഎഫ് : 13
യുഡിഎഫ് : 01
എൻഡിഎ : 00
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത്
എൽഡിഎഫ് : 01
യുഡിഎഫ് : 08
എൻഡിഎ : 05
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്. സംസ്ഥാനത്ത് 30 നിയോജക മണ്ഡലങ്ങളിൽ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി കിഫ.
വന്യമൃഗ ആക്രമണങ്ങളില്‍ നഷ്ടപരിഹാരത്തിനും സുരക്ഷയ്ക്കുമായി കോടതി വ്യവഹാരവും അവകാശ പോരാട്ടവും നടത്തുന്ന മുന്‍നിര സംഘടനയാണ് കിഫ. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ അടുത്ത മാസത്തോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ 35 ആവശ്യങ്ങള്‍ ഉന്നയിക്കുന്ന അവകാശപത്രിക കിഫ തയാറാക്കിയിട്ടുണ്ട്. പത്രികയിലെ എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം ഉറപ്പുതരാന്‍ ഏതു മുന്നണി മുന്നോട്ടുവന്നാലും അവരെ പിന്തുണയ്ക്കുമെന്നും കിഫ വ്യക്തമാക്കി.
ഒരു മുന്നണിയും തയാറാകാതെ വന്നാല്‍ മത്സരരംഗത്തുണ്ടാകുമെന്ന് കിഫ ചെയര്മാന് അലക്സ് ഒഴുകയില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ താന്‍ മത്സരിക്കാന്‍ ആലോചിക്കുന്നതായി അലക്സ് പറഞ്ഞു.
കാഞ്ഞാങ്ങാട്, ഇരിക്കൂര്‍, പേരാവൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, തിരുവാമ്പാടി, പേരാമ്പ്ര, നാദാപുരം, നിലമ്പൂര്‍, വണ്ടൂര്‍, മണ്ണാര്‍കാട്, നെന്മാറ, ആലത്തൂര്‍, കൊങ്ങാട്, ചാലക്കുടി, ചേലക്കര, ഒല്ലൂര്‍, കോതമംഗലം, മൂവാറ്റുപുഴ, ദേവികുളം, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, റാന്നി, കോന്നി, പൂഞ്ഞാര്‍, പുനലൂര്‍, കൊട്ടാരക്കര, പാറശാല മണ്ഡലങ്ങളിലാണ് കിഫ മത്സരിക്കുക.
കര്‍ഷകരെ മറക്കുന്ന ഒരു നേതാവും നിയമഭയില്‍ എത്തരുതെന്നും വന്യമൃഗ ആക്രമണങ്ങളില്‍ ഇരകളായ കര്‍ഷകരെ ഒന്നടങ്കം രംഗത്തിറക്കുമെന്നും അലക്സ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തുടർച്ചയായി ഒരു പോസ്റ്റിൽ മൂന്ന് വർഷം തികച്ചവരെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒ എന്നിവർക്കും റേഞ്ച് എഡിജിപി മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്.
കേരളം കൂടാതെ അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് മോയ് 23 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി.
Kerala
തൊടുപുഴ: കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
ഇടുക്കി സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇത്തവണ ജയമാണ് മുഖ്യം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഒന്നു മാത്രമാണ്. അതു ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസാണെന്നും ജോസഫ് പറഞ്ഞു.
കോൺഗ്രസ് കേരള കോൺഗ്രസിൽനിന്ന് ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് കെ.സുധാകരൻ എംപി. പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്.
സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.
Kerala
തലശേരി: പതിറ്റാണ്ടുകളായി എം പിയും എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്നവർ പോലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി അങ്കം വെട്ടുമ്പോൾ മത്സരത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ രണ്ടാമൻ. കെപിസിസി ട്രഷററും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സന്തത സഹചാരിയുമായ വി.എ. നാരായണനാണ് മത്സരരംഗത്തില്ലെന്നു നവ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ പിസിസിയിൽ പ്രസിഡന്റ് കഴിഞ്ഞാൽ പിന്നെ ഒരാൾ മാത്രമുള്ള പദവി ട്രഷറർ പദവിയാണ്. ഈ പദവിയിരിക്കുന്നയാളാണ് മത്സരരംഗത്തേക്കു
വി.എ. നാരായണൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ സെക്രട്ടറിയായിരുന്നയാളാണ് കെ.സി. വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മത്സരിക്കാൻ സാധ്യതയുള്ളപ്പോഴാണ് കെ.സി. വേണുഗോപാൽ വഴി
ഹൈക്കമാൻഡിൽ നല്ല സ്വാധീനമുള്ള നാരായണൻ മൽസ രംഗത്തേക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലത്തിലും തന്റെ പേര് പരിഗണിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ, ഒരു മണ്ഡലത്തിലും താൻ മൽസരിക്കുന്നില്ലെന്നുമാണ് നാരായണൻ പറയുന്നത്.
കെഎസ്യു താലൂക്ക് സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം കെപിസിസി ട്രഷറർ എന്ന വലിയ പദവിയിൽ എത്തി നിൽക്കുകയാണ്. പ്രസ്ഥാനം അർഹിക്കുന്നതിലും വലിയ പരിഗണന ഓരോ ഘട്ടത്തിലും നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കു പുറമെ പല സുഹൃത്തുക്കളും നിയമ സഭയിലേക്ക് മൽസരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പറയുന്നു ഒരു മണ്ഡലത്തിലും മൽസരിക്കുന്നില്ല. പ്രസ്ഥാനത്തിനായി മൽസരിക്കുന്നവരെ വിജയിപ്പിക്കാൻ താൻ ഉണ്ടാകുമെന്നും നാരായണൻ പറയുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ലെന്നും പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. വോട്ടെടുപ്പ് ദിവസം തമിഴ്നാട്ടിലെ ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര് തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു.
ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്നും വിജയ് അവകാശപ്പെട്ടു.
"1977-ല്‍ എംജിആര്‍ ഒരു അഭിമുഖം കൊടുത്തു. അതില്‍ പറഞ്ഞത് അണ്ണാ ഇരുന്ന സ്ഥലത്ത് ഇങ്ങനെയുളളവര് ഇരിക്കുന്നതോര്‍ത്ത് ഞാന്‍ കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ഞാന്‍ ആരംഭിച്ചതാണ് എഐഎഡിഎംകെ എന്നാണ്. അതുപോലെ 2017-നും 2021-നും ശേഷം തമിഴ്നാടിനെക്കുറിച്ചോര്ത്ത് തമിഴ് ജനത കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ആരംഭിച്ചതാണ് തമിഴക വെട്രി കഴകം.'-വിജയ് പറഞ്ഞു.
ഡിഎംകെയെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങൂ എന്ന് പറയുന്നവര്‍ കാണും, വോട്ടെടുപ്പ് ദിവസം ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരും. എന്തിനാണ് വിജയ്യെ വിളിച്ചതെന്ന് ഓര്‍ത്ത് അവര്‍ പശ്ചാത്തപിക്കും.
തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്. അതെങ്ങനെ ഉണ്ടാവും എന്ന് ചോദിച്ചാല്‍, വിസില്‍ ചിഹ്നം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ടിവികെ ഉണ്ട്. എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. നമ്മള് രക്തബന്ധമാണെന്ന് കരുതുന്ന ജനങ്ങളെ എത്ര പണംകൊടുത്തും വാങ്ങാന്‍ പറ്റില്ല. ടിവികെ മാത്രമാണ് ജനങ്ങളുടെ ഏക ഓപ്ഷനെന്നും വിജയ് പറഞ്ഞു.
Kerala
കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകൾ യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെആർപി നേതാവ് സി.കെ. ജാനു. പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട് .
ചർച്ചകൾക്ക് ശേഷം നല്ല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാനു പറഞ്ഞു. ഗോത്ര മഹാസഭയും ജെആർപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉള്ളതെന്നും ജാനു കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് ജാനു യുഡിഎഫിലെത്തിയത്. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാനു എന്‍ഡിഎ വിട്ടത്.
Kerala
കോഴിക്കോട്: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് എൻസിപിയിൽ ഒരു വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
എലത്തൂരിൽ എ.കെ. ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം എതിർ സ്വരങ്ങൾ സ്വാഭാവികമാണെന്ന നിലപാടിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ. അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സീറ്റ് വിട്ട് നൽകില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്. കഴിഞ്ഞ തവണ മത്സരിച്ച പത്തു സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ജയ സാധ്യത നോക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തു വർഷമായി ഭരണം നടത്തുന്ന എൽഡിഎഫ് സർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സംസ്ഥാന ബജറ്റ്.
പൊള്ളയായ വാഗ്ദാനങ്ങളും നടപ്പാക്കുവാൻ കഴിയാത്ത നിർദ്ദേശങ്ങളുമാണ് ബജറ്റിലുള്ളതെന്നും പി.ജെ.ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ചെയർമാനെ യോഗം ചുമതലപ്പെടുത്തി.
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. മോൻസ് ജോസഫ് എംഎൽഎ, പി.സി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പാർട്ടിയായിരിക്കും തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.
'എല്ലാ തവണയും മത്സരിക്കുന്നതിൽ അല്ല കാര്യം. തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ.'-മുരളീധരൻ പറഞ്ഞു.
മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പറഞ്ഞു.
വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശൂർ, പാലക്കാട്, തിരുവമ്പാടി, കായംകുളം തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ എന്നാണ് തിരുവമ്പാടിയിലെ പോസ്റ്റർ. ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മുരളിക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ പലയിടത്തും വരുന്നത്.
തെക്കൻ കേരളത്തിൽ ലീഗ് നോട്ടമിട്ട സീറ്റുകളിൽ ഒന്നാണ് കായംകുളം. സീറ്റ് മാറ്റത്തിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇവിടെയും മുരളിക്ക് വേണ്ടി പോസ്റ്ററുകൾ ഉയർന്നത്. തിരുവമ്പാടിയിൽ ഉടമസ്ഥർ ഇല്ലാതെയാണ് പോസ്റ്ററെങ്കിൽ കായംകുളത്ത് കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തിരുവമ്പാടിയില്‍ അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.
"കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്നാണ് പോസ്റ്ററിൽ ഉള്ളത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ട്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് പാർട്ടി പറഞ്ഞാൽ അത് എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ എംപി. പാലക്കാട് മികച്ച സ്ഥാനാർഥിയുണ്ടാകും. ബിജെപി അവിടെ ജയിക്കില്ല.
സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക് പാർട്ടി കടക്കുന്നതെയുള്ളൂ. വൈകാതെ തന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. അമൃതഭാരത ട്രെയിനുകൾക്ക് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ കുറച്ച സംഭവത്തിൽ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും.
വടകരയിൽ റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിച്ചില്ല. ഇതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക.
തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്.
അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. അടുത്തമാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാനും നിർദേശം നൽകി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. ചൊവ്വാഴ്ച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസ്ഥാന
നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നരഹിതമായി സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.
ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എംപിമാര്‍ മത്സരിക്കണോയെന്നതില്‍ യോഗം തീരുമാനമെടുത്തില്ല. അതേസമയം ഡൽഹി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. ജനങ്ങളുടെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്.'- രാഹുൽ ഗാന്ധി പറഞ്ഞു.
ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. സിപിഎം ഇറക്കിയ സർക്കുലറിന്റെ പകർപ്പ് പുറത്തുവന്നു.
ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു.
ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദേശങ്ങൾ ഉള്ളത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മത്സരിക്കണമെന്ന് എംപിമാർ ആരും പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹമുള്ളവർ ഉണ്ടാകാം. തെരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ച ഉയർത്തിവിടുന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടും. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഒറ്റപ്പെട്ട പരാമർശങ്ങൾ മാത്രമാണെന്നും കെ.സി പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽഅത്തരം പരാമർശങ്ങൾ മഹാപാതകമായി കാണാനാവില്ല. മറുവശത്ത് സിപിഎമ്മിൽ ഒരു നേതാവിനെ ഭയന്നുള്ള നിശബ്ദതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: പി.വി.അന്‍വർ കേരളത്തിലെവിടെയും മത്സരിക്കാൻ യോഗ്യനാണെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ. പ്രവീണ്‍ കുമാര്‍. ബേപ്പൂരില്‍ സജീവമാകാന്‍ യുഡിഎഫ് നേതൃത്വം നേരത്തെ അൻവറിനോട് നിർദേശിച്ചിരുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മുന്നണി നേതൃത്വം ആരെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചാലും ഡിസിസി പൂര്‍ണപിന്തുണ നല്‍കും. മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ മത്സരിച്ചാല്‍ കോഴിക്കോട് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം നല്‍കാനാണ് മുന്നണിയിലെ ആലോചന.
നേരത്തെ തവനൂരും പട്ടാമ്പിയുമടക്കമുള്ള മണ്ഡലങ്ങള്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബേപ്പൂര്‍ അല്ലാതെ മറ്റ് സീറ്റുകള്‍ തേടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നു പാർട്ടി വിലയിരുത്തുന്നു. മുതിർന്ന നേതാവ് അയിഷക് പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതു സിപിഎമ്മിനു ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു "ബിഗ് സർപ്രൈസ്' സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം. സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്. ഭാവനയുടെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നടി സമ്മതം അറിയിച്ചാൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ താരത്തിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനോട് അടുക്കെ മുന്നണി മാറ്റ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന പ്രചരണങ്ങൾ ശക്തമായിരുന്നു.
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ. മാണി അറിയിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ബോധപൂർവം പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.
ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ്. കൂടാതെ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണ്. കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
Kerala
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലേക്ക് കോൺഗ്രസ് കടക്കുന്നു. മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഇന്ന് ആരംഭിക്കുന്ന രാപകൽ സമരത്തിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കളെല്ലാം തലസ്ഥാനത്തുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ പ്രധാനനേതാക്കളുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 16 ന് നേതാക്കൾ ഡൽഹിയിലേക്ക് പോകും. ഈ മാസം 19ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നും സീറ്റുകൾ വെച്ചുമാറാൻ മുസ്ലിം ലീഗ് തയാറാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ഗുരുവായൂരും തിരുവമ്പാടിയും പരിഗണനയിലുണ്ട്.
പരമാവധി സീറ്റുകളിൽ വിജയിക്കുക എന്നതാണ് ലക്ഷ്യം. ആ നയത്തിന് അനുസൃതമായ ചർച്ചയിലേക്ക് എല്ലാ പാർട്ടികളും കടക്കും. അത്തരം ചർച്ചകളിൽ ഏതാണ് നല്ലതെന്ന് നോക്കും. അതിൽ ആർക്കും പിടിവാശികളില്ല.
മുസ്ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയില്ല. അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ജില്ലാ കേന്ദ്രത്തിൽ അദ്ദേഹം മത്സരിക്കണമെന്നും സലാം പറഞ്ഞു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ അവകാശപ്പെട്ടു.
"ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കും. അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടും.'-ശോഭ പറഞ്ഞു.
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വേഗം സംസ്ഥാന സർക്കാരിനില്ലെന്നും ശോഭ കുറ്റപ്പെടുത്തി.
"പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കാൻ നിയോഗിച്ചാൽ അതിനും തയാറാണ്. കേരളത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകും.'-ശോഭ വ്യക്തമാക്കി.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. സംസ്ഥാനത്തെ കോൺഗ്രസിന്റെ റാലികളിലും പരിപാടികളിലും വൻ ജനാവലി എത്തുന്നത് ഇതിന്റെ തെളിവാണെന്നും ഗൗരവ് പറഞ്ഞു. ബിജെപി ഇനി ആസാമിൽ ഭരണത്തിലെത്തില്ലെന്നും ഗൗരവ് പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ കൊൺഗ്രസിനൊപ്പമാണ്. അതുകൊണ്ടാണ് പാർട്ടി പരിപാടികളിൽ നിരവധി ആളുകൾ എത്തുന്നത്. ഹിമന്തയുടെ ജനദ്രോഹ നയങ്ങളിൽ അവർ പൊറുതി മുട്ടിയിരിക്കുകയാണ്. ഭരണമാറ്റത്തിനായി അവർ കാത്തിരിക്കുകയാണ്.'-ഗൗരവ് പറഞ്ഞു.
"ബിജെപിക്ക് ഭയം തുടങ്ങി. അവരുടെ നാളുകൾ എണ്ണപ്പെട്ടു. ചെയ്ത അഴിമതികൾ എല്ലാം പുറത്തുവരുമെന്ന ഭയമാണ് അവർക്കുള്ളത്. അതിനാൽ തന്നെ ഭരണം നിലനിർത്താൻ അവർ എന്തും ചെയ്യും. പക്ഷെ ജനങ്ങൾക്ക് അവരെ മടുത്തു കഴിഞ്ഞു.'-ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം.മുകേഷ് എംഎൽഎ. ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും.
തരുന്ന റോളുകള്‍ ബെസ്റ്റാക്കി കൈയിൽ കൊടുക്കുന്നതാണ് രീതി. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയുമില്ല. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും മുകേഷ് പറഞ്ഞു.
അതേസമയം കൊല്ലത്ത് മുകേഷിനെ മാറ്റി ചിന്ത ജെറോമിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർ മത്സരിച്ചേക്കില്ല. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം.
എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി രംഗത്ത്. താൻ പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നാണ് എം.എം. മണി അറിയിച്ചത്.
ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. മറ്റൊരാളെ സ്ഥാനാർഥിയായി പാർട്ടി നിശ്ചയിച്ചാൽ ആ സ്ഥാനാർഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എം.എം. മണി വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾ തുടരുമെന്നും എംഎൽഎ പണി നോക്കി പാർട്ടിയിലേക്ക് വന്ന ആളല്ല താനെന്നും മണി പറഞ്ഞു. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിലകൊള്ളുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
Kerala
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് മുന്നിൽ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ച് ബിജെപി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരം പങ്കിടണമെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ഉപാധി.
എൻഡിഎ സഖ്യം തമിഴ്നാട്ടിൽ വിജയിച്ചാൽ മൂന്ന് മന്ത്രിപദവികൾ നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിൽ 234 നിയമസഭാ സീറ്റുകളിൽ 56 ഇടങ്ങളിൽ ബിജെപി മത്സരിക്കുമെന്നും അമിത് ഷാ അറിയിച്ചു. എന്നാൽ അമിത് ഷായുടെ ആവശ്യത്തോട് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് എടപ്പാടി കെ. പളനിസ്വാമിയുടെ മറുപടി.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയുമായി ഇത്തരത്തിലൊരു ധാരണയുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്നാണ് എഐഎഡിഎംകെ ക്യാമ്പിലുള്ളത്.
Kerala
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് കൊച്ചിയിൽ നിർണായക യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർഥി നിർണയത്തിലെ പ്രാതിനിധ്യം പ്രധാന വിഷയമാകും.
തെരഞ്ഞെടുപ്പ് മത്സരരംഗത്ത് യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും.
വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരമാനമെടുക്കും. രാവിലെ ഒൻപത് മണി മുതല്‍ എറണാകുളം ഡിസിസി ഓഫീസിലാണ് കമ്മിറ്റി. വയനാട്ടിൽ ആരംഭിച്ച കോൺഗ്രസ് നേതൃക്യാമ്പിന് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണ്. ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളാകാൻ ശ്രമിക്കരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെ. സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
തൃശൂർ, പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ സജീവമായ സാഹചര്യത്തിലാണ് കെ. സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പുറത്തുവന്ന അഭ്യൂഹങ്ങൾ സുരേന്ദ്രൻ തള്ളിയിട്ടുണ്ട്.
ഒരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ ബിജെപി അധ്യക്ഷൻ അറിയിച്ചു. ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും കപ്പിനും ചുണ്ടിനുമിടയിൽ തോറ്റിട്ടുണ്ടെന്നും പറയുന്ന പോസ്റ്റിൽ മത്സരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിലാണെന്നും കെ. സുരേന്ദ്രൻ കുറിച്ചു.
ദയവായി തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നണികളെല്ലാം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകളിലേക്ക് കടന്നതോടെ സൈബറിടങ്ങളിലും പോരാട്ടങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സിപിഎം നേതാവ് എം.എം. മണി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് നിലവിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണവുമായാണ് മുൻ മന്ത്രി കൂടിയായ മണി രംഗത്തെത്തിയത്. "98, 68, 91, 99 ഇതൊരു ഫോൺ നമ്പറല്ല" എന്ന് ആരംഭിക്കുന്നതാണ് എം.എം. മണിയുടെ പോസ്റ്റ്.
യുഡിഎഫ് 100 സീറ്റെന്ന ലക്ഷ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നതിനിടെയാണ് എൽഡിഎഫ് കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവുമായി സൈബറിടത്തേക്ക് മണിയുടെ രംഗപ്രവേശനം.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 98 സീറ്റുകൾ നേടിയിരുന്നു. തുടർന്ന് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിലെത്തി. 2011ൽ 68 സീറ്റുകൾ നേടിയ ഇടതുപക്ഷം പ്രതിപക്ഷത്തേക്കെത്തിയപ്പോൾ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയിരുന്നു.
2016ൽ 91 സീറ്റുകളുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം പിടിച്ചു. 2021ൽ വീണ്ടും 99 സീറ്റുകളുമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രത്യേക കർമ്മ പദ്ധതി തറായാക്കി എൽഡിഎഫ്. 110 സീറ്റ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മിഷൻ അവതരിപ്പിച്ചു.
മൂന്നു മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗസ്ഥൻമാരെ പങ്കെടുപ്പിച്ചില്ല. 50 ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മന്ത്രിമാരെ ഉൾപ്പടെ ചുമതലപ്പെടുത്തി.
പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണം. മാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു. അതിനാല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നുമാണ് കണക്കുകൂട്ടല്‍.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. സച്ചിൻ പൈലറ്റ്, കെ.ജെ.ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവരാണ് നിരീക്ഷകരായി കേരളത്തിലേക്ക് എത്തുന്നത്.
ഭൂപേഷ് ബാഗേല്‍, ഡി.കെ.ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റെയും മുകുള്‍ വാസ്നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്കി.
സുദീപ് റോയ് ബര്മന്, ഷക്കീല്‍ അഹമ്മദ് ഖാന്, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ ആയിരിക്കും കോൺഗ്രസ് അവതരിപ്പിക്കുകയെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയിൽ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടിയിൽ തർക്കം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം തർക്കം ഇല്ലാതെ പൂർത്തീകരിക്കും. കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തർധാര മണക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. നേമത്ത് നിന്നുള്ള ശിവൻകുട്ടിയുടെയും വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാംദാസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷ നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുക എന്നും അൻപുമണി പറഞ്ഞു. എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അൻപുമണി.
"ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ എതിരാളികൾ വിഘടിച്ച് നിന്നത് കൊണ്ട് മാത്രമാണ് ഡിഎംകെയ്ക്ക് വിജയിക്കാനായത്. ഇത്തവണ അവർ തകർന്നടിയും.'-അൻപുമണി പറഞ്ഞു.
"സംസ്ഥാനത്ത് എഐഎഡിഎംകെയും നേതൃത്തിലുള്ള എൻഡിഎ ശക്തമാണ്. എല്ലാവരും ഒറ്റക്കെട്ടാണ്. വിജയം അതിനാൽ തന്നെ സുനിശ്ചിതമാണ്. ഇനിയും കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തും.'-അൻപുമണി അവകാശപ്പെട്ടു.
പട്ടാളി മക്കൾ പാർട്ടിയിലെ അൻപുമണിയുടെ വിഭാഗമാണ് എൻഡിഎയിൽ തിരിച്ചെത്തിയത്. അച്ഛൻ രാംദാസ് നയിക്കുന്ന വിഭാഗം പുറത്താണ്. പാർട്ടിയിലെ അഞ്ച് എംഎൽഎമാരിൽ മൂന്ന് പേരും അൻപുമണിക്കൊപ്പം ആണ്.
Kerala
തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനു കൃത്യമായ ഉത്തരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കും.- ചെറിയാൻ ഫിലിപ്പ് ദീപികയോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റു നേടുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കെ.കെ.ഷൈലജ എംഎൽഎ. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് ലഭിക്കുമെന്ന് പറയുന്നത്.
140 സീറ്റ് കിട്ടുമെന്ന് പറയാമല്ലോയെന്നും ഷൈലജ പരിഹസിച്ചു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന് ഒറ്റ ലക്ഷ്യമാണുള്ളത്.
ഇടതു പക്ഷത്തെ ഇല്ലാതാക്കി ഇത്തവണ അധികാരത്തിൽ വരിക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിലിനെയും ഷൈലജ വിമർശിച്ചു. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും ഷൈലജ കുറ്റപ്പെടുത്തി. വിവരം പുറത്ത് വന്നപ്പോൾ ഇയാളെ പുറത്താക്കുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കെ.കെ.ഷൈലജ പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നാലു സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.വി.അൻവർ. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തും.
ഈ കൂടിക്കാഴ്ചയിൽ സീറ്റുകളുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിക്കുമെന്നും അൻവർ പറഞ്ഞു. താൻ ബേപ്പൂർ അല്ലെങ്കിൽ തവനൂരിൽ മത്സരിക്കും. സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിലും നിസാർ മേത്തറിന് തൃക്കരിപ്പൂരിലും കെ.ടി.അബ്ദുറഹ്മാന് കുന്ദമംഗലത്തും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് യുഡിഎഫിനെ അറിയിക്കും.
കേരളാ കോൺഗ്രസ് യുവജന വിഭാഗം നേതാവായിരുന്ന സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിൽ ജയിക്കാൻ കഴിയും. യുഡിഎഫിന്റെ വിജയത്തിനായി തൃണമൂൽ കോൺഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അൻവർ വ്യക്തമാക്കി.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
‘ഇതൊരു വാർത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേൾക്കുന്നുണ്ട്. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ ഞാനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ.’ -ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
നേരത്തെ, അച്ചു ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാർത്തകൾ വന്നിരുന്നു.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയാകും രമേഷ് പിഷാരടിയെന്ന് സുഹൃത്തും നടനുമായ ധര്മജന് ബോള്‍ഗാട്ടി. രമേശ് പിഷാരടി സ്ഥാനാര്‍ഥി ആയേക്കും എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും ഇത്തവണ കുറെ അനുകൂല ഘടകങ്ങളുണ്ടെന്നും ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
പിഷാരടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് ഞാനും അറിഞ്ഞത്. മത്സരിക്കുകയാണെങ്കില്‍ നല്ലൊരു സ്ഥാനാര്‍ഥി ആയിരിക്കും. അദ്ദേഹത്തിന് നല്ല ജയ സാധ്യതയുണ്ടെന്നും ധര്മജന് പറഞ്ഞു.
അതേസമയം, രമേഷ് പിഷാരടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, പിഷാരടി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉണ്ണി മുകുന്ദന്, ആസിഫ് അലി എന്നീ താരങ്ങളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന പ്രചരണം നടക്കുന്നുണ്ട്.
Kerala
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നും ഹസൻ പറഞ്ഞു.
മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കുമെന്നും ഹസൻ പറഞ്ഞു. എന്നാൽ ആരും സ്വയം സ്ഥാനാർഥികളായി പ്രഖ്യാപിക്കാൻ പാടില്ലെന്നും ഹസൻ പറഞ്ഞു.
എംപിമാർ മത്സരിക്കണോ എന്നത് നയപരമായി എടുക്കേണ്ട തീരുമാനമാണ്. എംപിമാർക്ക് ചിലപ്പോൾ മത്സരിക്കാൻ താൽപര്യമുണ്ടാകാം. ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഹസൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തോടും ഹസൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ രാവിലെയും വൈകുന്നേരവും അഭിപ്രായം മാറ്റി പറയുന്നയാളാണ്. ആ വെള്ളാപ്പള്ളിയെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. ഇക്കാര്യം ജനം വിലയിരുത്തട്ടെയെന്നും ഹസൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർപൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും ബാലൻ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ബാലൻ പറഞ്ഞു.
പോറ്റിയെ കണ്ടേ, സോണിയ കണ്ടു എന്ന് പാടാൻ അവർക്ക് നാവെന്താ പൊന്താത്തതെന്നും എ.കെ. ബാലൻ വിമര്‍ശിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്നും കഴിഞ്ഞ തവണ തന്നെ നിലപാട് അറിയിച്ചതാണെന്നും ബാലൻ പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സൗഹാർദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. കോഴിക്കോട് ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് മുൻപാകെ ഇക്കാര്യം കുഞ്ഞാലിക്കുട്ടി ആവർത്തിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 25 സീറ്റുകളിൽ 15 സീറ്റിലും വിജയിച്ച മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടുന്നത്.
നേരത്തെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഇക്കാര്യം അറിയിച്ചിരുന്നു. ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കൾക്കും വനിതകൾക്കും ഉൾപ്പെടെ അർഹമായ പരിഗണന നൽകണമെന്നും നേതൃയോഗത്തിൽ ആവശ്യം ഉയർന്നു.
സാഹചര്യം അനുകൂലമാണെങ്കിലും ജയം ഉറപ്പാക്കാൻ സ്ഥാനാർഥി നിർണയത്തിൽ ടേം വ്യവസ്ഥ മാനദണ്ഡമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
Kerala
സുൽത്താൻ ബത്തേരി: കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ശശി തരൂര്‍ എംപി. കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്നും തരൂർ പറഞ്ഞു.
താൻ നരേന്ദ്ര മോദിയെ പുകഴ്ത്തിയിട്ടില്ലെന്ന് പറഞ്ഞ അദേഹം സോഷ്യൽ മീഡിയയിൽ താൻ പങ്കുവച്ച പോസ്റ്റ് വായിച്ചാൽ ആർക്കും ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളൂ എന്നും വ്യക്തമാക്കി. പോസ്റ്റ് വായിക്കാതെ വാർത്തകളിലെ തലക്കെട്ടുകൾ വായിച്ചാണ് വിവാദമുണ്ടാക്കുന്നതെന്നും തരൂർ പറഞ്ഞു.
17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി. എല്‍. കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചതാണെന്നും എംപി അറിയിച്ചു.
മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ശശി തരൂർ എംപി കൂട്ടിച്ചേർത്തു.
Kerala
സുൽത്താൻ ബത്തേരി: എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വിസ്മയങ്ങളുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്നും വി.ഡി. സതീശൻ അറിയിച്ചു.
കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി.
വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമരപരിപാടികളിലൂടെ കളം പിടിക്കാൻ കോൺഗ്രസ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടത് സർക്കാരിനെതിരെ പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ സമരങ്ങൾ നടത്തുമെന്ന് ഇതോടകം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിക്കാനാണ് കോൺഗ്രസിന്റെ ആലോചന.
തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ ജനുവരി 13,14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ശബരിമല സ്വർണക്കൊള്ളയിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്.
ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്നാണ് നിർദേശം.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ.പി. സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്.
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയെന്നാണ് സൂചന.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ചേരും. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന നേതൃയോഗത്തിൽ ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ രാവിലെ 11ന് ആരംഭിക്കുന്ന യോഗം ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന കാഴ്ചപ്പാട് നേതൃത്വത്തിനുണ്ട്.
കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദത്തിലാക്കാൻ മുസ്ലിം ലീഗ് തയാറാകില്ല.
അതേസമയം സീറ്റുകൾവച്ചുമാറുമ്പോൾ മധ്യ-തെക്കൻ കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് താത്പര്യമുണ്ട്. വനിത-യുവ പ്രാതിനിധ്യവും യോഗത്തിൽ ചർച്ചയാകും.